Author:

സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സി പത്താം ഘട്ട പ്രിലിമിനറി പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു.

‘മുഖ്യമന്ത്രി ക്യാംപ് ചെയ്യുന്നതിൽ ആശങ്കയില്ല’

മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതിൽ ആശങ്കയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പി.ടി തോമസിനെതിരെ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യ പരാമർശത്തിന് ജനങ്ങൾ മറുപടി നൽകുമെന്നും ഉമ പറഞ്ഞു.

അമേരിക്കയിൽ 18 വയസുകാരൻ നടത്തിയ വെടിവെപ്പിൽ 10 മരണം

അമേരിക്കയിൽ 18 വയസുകാരൻ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ന്യൂയോർക്ക് ബഫല്ലോയിലെ ഒരു സൂപ്പർമാർക്കറ്റിൽ ശനിയാഴ്ചയാണ് സംഭവം. വംശീയതയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കറുത്ത വംശജരാണെന്ന് പോലീസ് പറഞ്ഞു.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടരുന്നു; ചുറ്റും കനത്ത സുരക്ഷ

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിൽ സർവേ രണ്ടാം ദിവസവും തുടരുന്നു. അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും അടങ്ങുന്ന കോടതി നിയോഗിച്ച സമിതിയാണ് പള്ളിയിൽ സർവേ നടത്തുന്നത്. പള്ളിക്ക് ചുറ്റും കനത്ത സുരക്ഷയിലാണ് സർവേ നടത്തുന്നത്.

തൃക്കാക്കരയിൽ ട്വൻറി-20യിൽ നിന്ന് വോട്ട് തേടി എൽ.ഡി.എഫ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വൻറി-20യിൽ നിന്ന് വോട്ട് തേടി എൽ.ഡി.എഫ്. എല്ലാ കക്ഷിളുടേയും വോട്ട് വേണമെന്നും സ്വാഭാവികമായും ട്വന്റി ട്വന്റി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

കുടുംബത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി അന്താരാഷ്ട്ര കുടുംബദിനം ഇന്ന്

മെയ് 15ന് ഒരു പ്രത്യേകതയുണ്ട്. ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനമാണ്. ‘കുടുംബങ്ങളും നഗരവൽക്കരണവും’ എന്നതാണ് 2022ലെ കുടുംബ ദിന പ്രമേയം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനാണ് മെയ് 15 അന്താരാഷ്ട്ര സമൂഹം കുടുംബദിനമായി ആചരിക്കുന്നത്.

സംസ്ഥാനത്ത് മിന്നല്‍ പ്രളയമുണ്ടാക്കുന്ന മേഘവിസ്ഫോടനം നടന്നേക്കാമെന്ന് പഠനം

ഈ വർഷം സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് പഠനം. കൊച്ചി കുസാറ്റിലെ ശാസ്ത്രസംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു. കുസാറ്റ് കാലാവസ്ഥാ കേന്ദ്ര ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

“ജയിലുകളിലെ വിഐപി സംസ്കാരം അവസാനിപ്പിക്കും”

സംസ്ഥാനത്തെ ജയിലുകളിലെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ.ജയിലുകൾ യഥാർത്ഥ അർത്ഥമുള്ള തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മാൻ പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് മാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് അധികാരമേൽക്കും

ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് രാവിലെ 11.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ പുതിയ മുഖ്യമന്ത്രിയെ നേതൃത്വം അടിച്ചേൽപ്പിക്കുകയാണെന്ന് എംഎൽഎമാർ ആരോപിച്ചു.