Author:

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് മുമ്പ് ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി

എസ്.എസ്.എൽ.സി ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 7,077 സ്കൂളുകളിലെ 9,58,067 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം; ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും

പ്ലസ് ടു മൂല്യനിർണയം ബഹിഷ്കരിച്ച അധ്യാപകരുടെ നടപടിയിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുൻകൂട്ടി അറിയിക്കാതെ നടത്തിയ പ്രതിഷേധം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജൂണ് 15ന് മുമ്പ് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റീഫൻ ഫ്രൈ എംസിസി പ്രസിഡന്റ്

മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) പ്രസിഡന്റായി ബ്രിട്ടിഷ് നടൻ സ്റ്റീഫൻ ഫ്രൈ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. എംസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനല്ലാത്ത രണ്ടാമത്തെയാളാണ് ഇദ്ദേഹം.

വിജയ് ബാബുവിനെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടാന്‍ അന്വേഷണ സംഘം

ദുബായില്‍ ഒളിവില്‍ കഴിയുന്ന ബലാത്സംഗ കേസിലെ പ്രതി വിജയ് ബാബുവിനെ പിടികൂടാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുന്നു. ഇതിനായി അന്വേഷണ സംഘം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഇന്റര്‍പോളിനെ കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി വിജയ് ബാബുവിന്റെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം.

ചാരുംമൂട് സംഘർഷം; സിപിഐ-കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

ചാരുംമൂട് സംഘർഷത്തിൽ സി.പി.ഐ-കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഓഫീസ് അടിച്ചുതകർത്തതിനും പോലീസിനെ ആക്രമിച്ചതിനുമാണ് കേസ്. അതേസമയം കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ല

ജമ്മു കശ്മീരിൽ വ്യാഴാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ 5.35 ഓടെയായിരുന്നു സംഭവം. താജിക്കിസ്ഥാനിലെ ഗോർനോ-ബഡാക്ഷൻ മേഖലയാണ് പ്രഭവകേന്ദ്രം. ശ്രീനഗറിലും ഭൂചലനം അനുഭവപ്പെട്ടു.

ശുക്രനിലേക്ക് കുതിക്കാൻ ഐഎസ്ആർഒ, ദൗത്യം 2024ൽ

ശുക്രനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഉദ്ദേശിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. പദ്ധതിക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും സോമനാഥ് പറഞ്ഞു. ശുക്രനു ചുറ്റും വികസിക്കുന്ന സൾഫ്യൂറിക് ആസിഡ് മേഘങ്ങളുമായി ബന്ധപ്പെട്ട നിഗൂഢതകൾ അനാവരണം ചെയ്യാൻ ഈ ദൗത്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തത്. താരത്തിന്റെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

“വ്യക്തിപരമായ വിഷമങ്ങൾ ഉണ്ടാകും, എനിക്കും ഉണ്ട്; ഉമാ തോമസിന് എല്ലാ പിന്തുണയും”

കോൺഗ്രസ് പാർട്ടിക്ക് ചെറിയ ആശ്വാസം ലഭിക്കാൻ തൃക്കാക്കരയിൽ വിജയം അത്യാവശ്യമാണെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതാക്കൾ അതൃപ്തി പരസ്യമാക്കവെയാണ് ഉമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പത്മജ രംഗത്തെത്തിയത്.

ചോദ്യ പേപ്പർ ഇ-മെയിലില്‍ നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാല

പരീക്ഷാ ചോദ്യപേപ്പറുകൾ ഇ-മെയിൽ വഴി കോളേജുകൾക്ക് നല്കുമെന്ന് കണ്ണൂർ സർവ്വകലാശാല. പിജി, യുജി, ബിഎഡ് പരീക്ഷകളുടെ ചോദ്യപേപ്പർ ഇമെയിലിൽ ഉണ്ടാകും. എന്നാൽ സർവ്വകലാശാലയുടെ പുതിയ തീരുമാനം പരീക്ഷ അട്ടിമറിക്ക് വഴിയൊരുക്കുമെന്ന് അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു.