Author:

ശ്രീലങ്കയ്‌ക്ക് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ശ്രീലങ്കയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരത പുനസ്ഥാപിക്കാൻ ഇന്ത്യ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതോടെ ശ്രീലങ്കയിലെ സർക്കാർ അനുകൂല, സർക്കാർ വിരുദ്ധ സമരങ്ങൾ പ്രതിഷേധമായി മാറിയിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങൾക്കും ഔദ്യോഗിക വസതികൾക്കും നേരെ ആക്രമണം ശക്തമാണ്.

ഗോവ ഗവര്‍ണറെ സന്ദർശിച്ച് നടൻ മോഹൻലാൽ

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുമായി നടൻ മോഹൻലാൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ശ്രീധരൻ പിള്ളയുടെ മുഖ്യാതിഥിയായി മോഹൻലാൽ രാജ്ഭവനിലെത്തിയത്. നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും സജീവ് സോമനും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന സെക്ഷൻ 124 എ പുനഃപരിശോധന, പൂർത്തിയാകുന്നതുവരെ മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. നിലപാട് നാളെ അറിയിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

“യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെല്ലാം ട്വിറ്റര്‍ പാലിക്കും”

ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയായാൽ യൂറോപ്യൻ യൂണിയൻറെ ഉള്ളടക്ക നിയമങ്ങൾ ട്വിറ്റർ പാലിക്കുമെന്ന് ഇലോൺ മസ്ക്. ഇലോണ്‍ മസ്‌കുമായി ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ യാതൊരു വിധ എതിരഭിപ്രായങ്ങളും ഉണ്ടായിരുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മീഷണറായ തിയറി ബ്രെട്ടന്‍ പറഞ്ഞു.

വാൻ ബിസാകയെ വിൽക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് 50 മില്യൺ പൗണ്ടിന് വാങ്ങിയ വാൻ ബിസാക്കയെ, ക്രിസ്റ്റൽ പാലസിന് വിൽക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ് ഇപ്പോൾ. ഈ സീസണിലെ വാൻ ബിസാക്കയുടെ മോശം പ്രകടനമാണ് അദ്ദേഹത്തിന് ടീമിൽ ഭാവിയില്ലെന്ന് ക്ലബ് തീരുമാനിക്കാൻ കാരണം.

വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കണം; സുപ്രീം കോടതിയെ സമീപിച്ച് KSRTC

വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. അധികവില ഈടാക്കുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. ഇങ്ങനെ പോയാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.

രാജപക്സെ രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ജനങ്ങൾ കാവലിരിക്കുന്നു

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാകാതെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വച്ചിട്ടും കലിയടങ്ങാതെ പ്രക്ഷോഭകാരികൾ. രാജപക്‌സെയുടെ വീടിന് തീ വെച്ച ജനങ്ങൾ അദ്ദേഹം നാട് വിടാതിരിക്കാൻ നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി കെപിസിസി

കോൺഗ്രസ് ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ മണ്ഡലം പ്രസിഡൻറുമാർക്കെതിരെ നടപടി. ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ ആറ് മണ്ഡലം പ്രസിഡൻറുമാരെ പുറത്താക്കി. യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിലും വീഴ്‌ച്ചകൾ കണ്ടെത്തിയതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

സംസ്‌കൃത വിദ്യാഭ്യാസം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

സംസ്കൃത വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്കൃത സർവകലാശാല സംഘടിപ്പിക്കുന്ന ത്രിദിന ഉത്കർഷ് മഹോത്സവത്തിൻറെ അവസാന ദിവസത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.