കൊച്ചി: കൊച്ചി നഗരസഭയിൽ വ്യാപക ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ റിപ്പോർട്ടിൽ ആണ് കൊച്ചി മുനിസിപ്പാലിറ്റിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നത്. മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച് കൊച്ചിയിൽ കെട്ടിടങ്ങളുടെ നിർമ്മാണം വ്യാപകമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇക്കാര്യത്തിൽ നഗരസഭ ഒരു നടപടിയും സ്വീകരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മേയറുടെ ദുരിതാശ്വാസ നിധിയിലെ ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമല്ലെന്നും വസ്തുനികുതി അടയ്ക്കുന്നതുൾപ്പെടെ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജൻറം പദ്ധതിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങൾ കാണാനില്ലെന്നും മുനിസിപ്പാലിറ്റി വാടക പിരിക്കുന്നതിന്റെ കണക്കുകൾ ലഭ്യമല്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഫണ്ടിൽ നിന്ന് 1.5 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്നും നഗരത്തിലെ റോഡുകളുടെ ടാറിങ്ങിന് ബിറ്റുമിൻ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.