Spread the love

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന വിഡി സതീശന്‍റെ നിയമസഭയിലെ പ്രസ്താവനയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വി ഡി സതീശന്‍റെ പ്രസ്താവന മുഖ്യമന്ത്രിയെ സഹായിക്കാനാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണ്. ഇഡിയെ സംശയത്തിന്‍റെ നിഴലിൽ നിർത്താനാണ് വിഡി സതീശൻ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഇഡിയെ വിശ്വസിക്കാനാകില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേസ് സിബിഐ അന്വേഷിക്കണം. ഇക്കാര്യം സർക്കാർ ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് വിഷയം നിയമസഭയിൽ സബ്മിഷനായി ഉയർത്തി സംസാരിക്കുകയായിരുന്നു പ്രതിപക്ഷം.

ഇഡിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് വിഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം കേരളത്തിൽ നിന്ന് മാറ്റാനുള്ള നീക്കത്തെ പ്രതിപക്ഷം എതിർത്തു. കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. സബ്മിഷൻ സംബന്ധിച്ച് ചർച്ചയ്ക്കില്ലെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കിയത്.

By newsten