പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. നിലവിലെ അഡീഷണൽ പ്രോസിക്യൂട്ടർ അഡ്വ.രാജേഷ് എം.മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്. വാളയാറിൽ രണ്ട് പെൺകുട്ടികളുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജിയിലും ഇദ്ദേഹമാണ് ഹൈക്കോടതിയിൽ ഹാജരായത്. തുടർന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി. ജൂൺ എട്ടിന് വിചാരണ ആരംഭിച്ചതിന് ശേഷം രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്റെ വീഴ്ചയാണിതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയത്. പ്രോസിക്യൂട്ടർ സി രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കത്തയച്ചിരുന്നു