Spread the love

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 29-ാം സാക്ഷി സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്‍റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ടി.കെ സുബ്രഹ്മണ്യനോട് ഹാജരാകാനും കോടതി നിർദേശിച്ചു.

സ്വന്തം ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൾ ലത്തീഫിനോട് പാസ്പോർട്ടും ഫോട്ടോയും സഹിതം ഇന്ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 11 പ്രതികളുടെ ജാമ്യാപേക്ഷയും മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. 

പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 90, 91 സാക്ഷികളുടെ വിസ്താരമാണ് കോടതി ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. മധുവിന്‍റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിന്‍റെ തലവനാണ് തൊണ്ണൂറാം സാക്ഷി ഡോ.എൻ.എ.ബൽറാം. ഇന്ന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. കോട്ടത്തറ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റായ നിസാമുദ്ദീനാണ് ഇന്ന് വിസ്തരിക്കുന്ന മറ്റൊരു സാക്ഷി. കേസിൽ ആകെ 122 സാക്ഷികളാണുള്ളത്. ഇതുവരെ 25 സാക്ഷികൾ കൂറുമാറി.

By newsten