തിരുവനന്തപുരം : അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. അട്ടപ്പാടിയിലെ ദുരിതം ഉയർത്തി കാട്ടുന്ന യുഡിഎഫ് എംഎൽഎമാരെ അവഹേളിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിക്കുള്ളത്. പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും ശിശുമരണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും സുധാകരൻ ആരോപിച്ചു.
ഈ വർഷം അട്ടപ്പാടിയിൽ മാത്രം മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴാണ്. കഴിഞ്ഞ മാസം മാത്രം അട്ടപ്പാടിയിൽ മൂന്ന് കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 10 നവജാത ശിശുക്കളാണ് ഇവിടെ മരിച്ചതെന്നാണ് കണക്ക്. പ്രതിപക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ അവരുമായി രാഷ്ട്രീയം കലർത്തുന്ന സർക്കാർ നിലപാട് നല്ലതല്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനുപകരം എത്രയും വേഗം പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നും സുധാകരൻ പറഞ്ഞു.
അട്ടപ്പാടിയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകണം. ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് ഉചിതമല്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. അത് പരിശോധിച്ച് പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും സുധാകരൻ ആരോപിച്ചു.