Spread the love

കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ആക്രമണത്തിന് പിന്നാലെ തുടർ ആക്രമണം. കോളേജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ ബൈക്കുകൾ കത്തിച്ചു. വടകരയിലെ ഇവരുടെ വീടുകളിൽ ആയിരുന്നു ആക്രമണം.

പേരാമ്പ്രയിൽ ഒരു വിദ്യാർത്ഥിക്ക് നേരെയും ആക്രമണമുണ്ടായി. ഫുട്ബോൾ കാണാൻ പോയ പേരാമ്പ്ര സ്വദേശി മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥിയായ അഭിനവിനാണ് മർദ്ദനമേറ്റത്. ആണിയടിച്ച പലക കൊണ്ട് തലയ്ക്കടിച്ചാണ് മർദ്ദിച്ചതെന്ന് ആക്രമിക്കപ്പെട്ട വിദ്യാർത്ഥി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എസ്എഫ്ഐ പ്രവർത്തകർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥി ആരോപിച്ചു. മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദ്ദിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല. ഇത് പറഞ്ഞിട്ടും എസ്.എഫ്.ഐക്കാരാണെന്ന് പറഞ്ഞ് എട്ട് പേർ ചേർന്ന് മർദ്ദിച്ചു. ഇതിനെ നിയമപരമായി നേരിടുമെന്നും അഭിനവ് പറഞ്ഞു.

മേപ്പാടി ആക്രമണത്തിന് പകരമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി പുറത്തിറങ്ങിയാൽ വീട് വരെ എല്ലാ ബസ് സ്റ്റോപ്പിലും നിന്ന് മർദ്ദിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭീഷണി ഫെയ്സ്ബുക്കിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്.

By newsten