തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതി സ്ഫോടക വസ്തു എറിഞ്ഞപ്പോൾ ധരിച്ചിരുന്ന ടി-ഷർട്ട് പൊലീസിന് കണ്ടെത്താനായില്ല. ടി-ഷർട്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രതി ഇത് വേളി തടാകത്തിൽ ഉപേക്ഷിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ടി-ഷർട്ട് വാങ്ങിയ കടയിൽ പ്രതിയുമായെത്തി പൊലീസ് തെളിവെടുത്തിരുന്നു.
പൊലീസ് വാഹനം ഒഴിവാക്കിയാണ് പ്രതിയെ എകെജി സെന്‍ററിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ കാരണങ്ങളാൽ പുലർച്ചെയാണ് തെളിവെടുപ്പ് നടത്തിയത്. സ്ഫോടക വസ്തു എറിഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കായലിൽ ഉപേക്ഷിച്ചതായി ജിതിൻ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഇത് നശിപ്പിച്ചുവെന്നായിരുന്നു ജിതിന്‍റെ നേരത്തെയുള്ള മൊഴി.
ആക്രമണം നടത്താൻ ഉപയോഗിച്ച സ്കൂട്ടറിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, കസ്റ്റഡി കാലാവധി കഴിഞ്ഞ ജിതിനെ അടുത്ത മാസം 6 വരെ കോടതി റിമാന്റ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.