Spread the love

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമിച്ച പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ആസൂത്രണം ചെയ്തവരാണ് പ്രതിയെ ഒളിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിയെ പിടികൂടുമെന്ന കാര്യത്തിൽ സംശയമില്ല. എകെജി സെന്‍ററിന്‍റെ ഒരു ഭാഗം എറിഞ്ഞ് തകർക്കുമെന്ന് പറഞ്ഞാണ് ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു. ഇതൊരു സ്വാഭാവിക നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം പെട്ടെന്നുള്ള ആക്രമണമല്ല, ആസൂത്രിതമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ വാഹനം ആദ്യം വരുന്നതും പോകുന്നതും കാണാം. തിരിച്ചെത്തിയപ്പോഴാണ് ബോംബ് എറിഞ്ഞത്. പോലീസിന്‍റെ സ്ഥാനം മനസിലാക്കാനായിരുന്നു ആദ്യ സന്ദർശനം. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. സി.സി.ടി.വി പരിശോധനയിൽ വീഴ്ചയുണ്ടായിട്ടില്ല. വിശദമായ പരിശോധന നടക്കുകയാണ്. പ്രതികളിലേക്ക് കൃത്യമായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By newsten