മുംബൈ; ഓക്സ്ഫോർഡ് സർവകലാശാല പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ കശ്മീർ ഫയൽസ് ഡയറക്ടർ വിവേക് അഗ്നിഹോത്രി അതൃപ്തി പ്രകടിപ്പിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെയാണ് വിവേക് തന്റെ പ്രതിഷേധം അറിയിച്ചത്. സർവകലാശാലയിലെ ഒരു ചടങ്ങിൽ സംസാരിക്കാൻ അധികൃതർ തന്നെ സമീപിച്ചെങ്കിലും ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാല മെയ് 31 ന് ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യാൻ എന്നെ ക്ഷണിച്ചു. എന്നാൽ ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പ്, അവർ എന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി എന്നെ അറിയിച്ചു. ഇ-മെയിൽ വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയത്. എന്നോട് ചോദിക്കുക പോലും ചെയ്യാതെ അവർ ചടങ്ങ് ജൂലൈ 1 ലേക്ക് മാറ്റി. എന്നാൽ ഈ ദിവസം അവിടെ ആരെങ്കിലും ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ ആ പരിപാടിയിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ല,” അദ്ദേഹം പറഞ്ഞു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ്. കുറച്ച് പാകിസ്ഥാനി, കശ്മീരി മുസ്ലിം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനാലാണ് ഇത് സംഭവിച്ചതെന്നും വിവേക് പറഞ്ഞു.
ഹിന്ദു ഫോബിക് ഓക്സ്ഫോർഡ് സർവകലാശാലയിൽ മറ്റൊരു ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു. അവരെന്നെ റദ്ദാക്കി. വാസ്തവത്തിൽ, അവർ ഹിന്ദു വംശഹത്യയും സർവകലാശാലയിലെ ന്യൂനപക്ഷമായ ഹിന്ദു വിദ്യാർത്ഥികളെയും റദ്ദാക്കുകയായിരുന്നു. ഇവിടെ യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ഒരു പാകിസ്ഥാനിയാണ്. ഈ ദുഷ്കരമായ പോരാട്ടത്തിൽ ദയവായി എന്നെ പിന്തുണയ്ക്കുക. സർവകലാശാലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും,”വിവേക് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. അവരെന്നെ ഇസ്ലാമോഫോബിക് എന്നാണ് വിളിക്കുന്നത്. ആയിരക്കണക്കിന് കശ്മീരി ഹിന്ദുക്കളെ കൊന്നൊടുക്കുന്നത് ഹിന്ദുഫോബിക് അല്ലെന്ന മട്ടിലാണ് അവർ പെരുമാറുന്നത്. ഇത് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തലാണ്,” അഗ്നിഹോത്രി പറഞ്ഞു.