Spread the love

ന്യൂഡൽഹി: ചെറിയ കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ 9 മണിക്ക് കോടതിയിലേക്ക് വരാൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി ജഡ്ജി യു ലളിത്. പതിവിലും ഒരു മണിക്കൂർ മുമ്പ് കോടതി നടപടികൾ ആരംഭിച്ചുകൊണ്ടാണ് യു. ലളിതിന്‍റെ ചോദ്യം. ജസ്റ്റിസ് യു ലളിത് ആണ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്.

നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റ് 27ന് അദ്ദേഹത്തിന്‍റെ പിൻഗാമിയായി ചുമതലയേൽക്കുന്ന ജസ്റ്റിസ് ലളിത് ഇന്ന് രാവിലെ 9.30ന് സഹജഡ്ജിമാരോടൊപ്പം കോടതിയിലെത്തി നടപടികൾ ആരംഭിച്ചു. സാധാരണ രാവിലെ 10.30 നാണ് കോടതി നടപടികൾ ആരംഭിക്കുന്നതെങ്കിലും ജസ്റ്റിസുമാരായ ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ദുലിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഇന്ന് രാവിലെ കോടതിയിൽ എത്തി നടപടികൾ ആരംഭിച്ചു.

“കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ, ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ 9 മണിക്ക് ജോലി ആരംഭിക്കാൻ എന്തുകൊണ്ട് ബുദ്ധിമുട്ടാണ്?” – സുപ്രീം കോടതി നടപടികൾ പതിവിലും നേരത്തെ ആരംഭിച്ചതിൽ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി സന്തോഷം പ്രകടിപ്പിച്ചപ്പോൾ ഇതായിരുന്നു ജസ്റ്റിസ് ലളിതിന്‍റെ പ്രതികരണം.

By newsten