തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി 4% വർദ്ധിപ്പിക്കാനുള്ള ബില്ലിന്മേൽ സംസ്ഥാനത്ത് ചർച്ചകൾ ആരംഭിച്ചു. ലാഭം മദ്യക്കമ്പനികൾക്ക് മാത്രമാണെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാനാവില്ലെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മദ്യത്തിന്റെ വില വർദ്ധിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഈ വർഷം മാത്രം 23 പുതിയ ബാറുകൾക്ക് അനുമതി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ പുതിയ ബാർ വന്നതിനാൽ വിൽപ്പന വർദ്ധിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മദ്യക്കമ്പനികൾക്ക് 170 കോടി രൂപ നേടിക്കൊടുക്കുമ്പോൾ അധികഭാരം ജനങ്ങൾക്കാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മയക്കുമരുന്ന് കേസുകൾ വർദ്ധിച്ചുവരുന്നു എന്നത് ശരിയാണെങ്കിലും മദ്യത്തിന്റെ വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ ന്യായീകരണം.
മദ്യത്തിന്റെ വില പരമാവധി 20 രൂപയാണ് വർദ്ധിക്കുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എല്ലാ ബ്രാൻഡുകളുടെയും വില വർദ്ധിക്കില്ല. നികുതി 4 ശതമാനം വർദ്ധിപ്പിച്ചാലും രണ്ട് ശതമാനം നികുതി വർദ്ധനവ് മാത്രമേ പ്രാബല്യത്തിൽ വരൂവെന്നും അദ്ദേഹം പറഞ്ഞു. 20 രൂപയുടെ വർദ്ധനവ് ഒരു ബ്രാൻഡിന് മാത്രമാണ്. 8 ഇനങ്ങൾക്ക് 10 രൂപയുടെ വർദ്ധനവുണ്ടാകും. ചില ബ്രാൻഡുകളുടെ വില ഉയരില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊതു വിൽപ്പന നികുതി ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. വിജ്ഞാപനം ഇറങ്ങിയ ശേഷമേ വില വർദ്ധനവ് പ്രാബല്യത്തിൽ വരൂ.