Spread the love

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വൻ തോതിൽ പണവും മദ്യവും പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും പാർട്ടികൾ വോട്ടിനായി പണം ഒഴുക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. ഹിമാചൽ പ്രദേശിൽ 2017ലെ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ചിരട്ടി അധികമാണ് പിടിച്ചെടുത്തതെന്ന് കമ്മീഷൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം 71.88 കോടി രൂപയാണ് ഗുജറാത്തിൽ നിന്ന് പിടിച്ചെടുത്തത്. 2017ൽ 27.21 കോടി രൂപയായിരുന്നു ഗുജറാത്തിൽ പിടിച്ചെടുത്തത്. ഹിമാചലിലും വോട്ടിനായി വ്യാപകമായി പണം ഒഴുകുന്നുണ്ട്. അഞ്ച് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ 9.03 കോടി രൂപയായിരുന്നത് ഇത്തവണ 50.28 കോടി രൂപയായി ഉയർന്നു.

നവംബർ 10 വരെയുള്ള കണക്ക് വച്ച് 17.18 കോടി രൂപയുടെ കറൻസിയും 17.5 കോടി രൂപയുടെ മദ്യവും 1.2 കോടി രൂപയുടെ മയക്കുമരുന്നും 41 ലക്ഷം രൂപയുടെ സമ്മാനങ്ങളുമാണ് ഹിമാചലിൽ നിന്ന് പിടിച്ചെടുത്തത്. ഗുജറാത്തിൽ നിന്ന് 64.56 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങളാണ് പിടിച്ചെടുത്തത്. ഒപ്പം 3.86 കോടി രൂപയുടെ മദ്യവും 94 ലക്ഷം രൂപയുടെ മയക്കുമരുന്നും 66 ലക്ഷം രൂപയുടെ കറൻസിയും ഗുജറാത്തിൽ നിന്ന് പിടിച്ചെടുത്തു. ഹിമാചൽ പ്രദേശിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റുകളിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.

By newsten