ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. താന്‍ എവിടേയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി എംഎൽഎമാരുടെ യോഗത്തിൽ ഗെഹ്ലോട്ട് പറഞ്ഞു. പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ എതിരാളിയായ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം കൈമാറേണ്ടി വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗെഹ്ലോട്ടിന്റെ പരാമർശം.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടി വന്നാലും നിങ്ങളിൽ നിന്ന് അധികം ദൂരം പോകില്ലെന്ന് ഗെഹ്ലോട്ട് എംഎൽഎമാർക്ക് ഉറപ്പ് നൽകിയതായാണ് വിവരം. സച്ചിൻ പൈലറ്റിന് പൂർണ്ണമായും അധികാരം കൈമാറി ദേശീയ തലത്തിലേക്ക് തന്റെ അടിത്തറ മാറ്റാൻ ഗെഹ്ലോട്ട് വിമുഖത കാണിക്കുന്നു. പാർട്ടി അധ്യക്ഷനായാലും മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന നിബന്ധന ഗെഹ്ലോട്ട് നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു.
അതേസമയം, രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഗെഹ്ലോട്ട് ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്ന ഗെഹ്ലോട്ട് വൈകുന്നേരത്തോടെ കൊച്ചിയിലേക്ക് തിരിക്കും. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകുന്ന രാഹുലുമായി അദ്ദേഹം നിർണായക കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ വരാൻ അദ്ദേഹത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടും. രാഹുൽ ഗാന്ധി ചുമതലയേറ്റില്ലെങ്കിൽ പാർട്ടി പറയുന്നത് പോലെ ചെയ്യുമെന്നും ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗത്തിൽ പറഞ്ഞു.