മലപ്പുറം: വയസ്സ് 22 ലക്ഷ്യം 22 രാജ്യങ്ങൾ. സൈക്കിളിൽ ഒറ്റക്ക് യാത്ര തിരിച്ചിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശി ഐ.പി.അരുണിമ. കായികമന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറത്തു നിന്നും യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മുംബൈയിലേക്കാണ് ആദ്യമെത്തുന്നത്. തുടർന്ന് ജി.സി.സി.രാജ്യങ്ങളിലൂടെ ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.
ഏകദേശം 25,000 കിലോമീറ്റർ സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിരവധി രാജ്യങ്ങളിലൂടെ യാത്ര ചെയ്യും.ചില രാജ്യങ്ങളിൽ വിസ ലഭിക്കാൻ ബുദ്ധിമുട്ടാണെങ്കിലും വിദേശ ടൂറിസ്റ്റ് എന്ന പരിഗണനയിലൂടെ യാത്ര തുടരാനാകുമെന്നാണ് അരുണിമ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കണ്ടിട്ടുള്ള അരുണിമ അഞ്ച് വിദേശരാജ്യങ്ങളും ഇതിനോടകം സന്ദർശിച്ചിട്ടുണ്ട്.
യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന പിതാവ് ഐ.പി.മോഹൻദാസും അമ്മ ധനലക്ഷ്മിയും മകൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. പെൺകുട്ടികൾക്കും ഒറ്റക്ക് ലോകസഞ്ചാരം നടത്താൻ കഴിയുമെന്ന് പറയുന്ന അരുണിമ തന്റെ യാത്ര മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും വിശ്വസിക്കുന്നു.എവിയേഷൻ കോഴ്സും അരുണിമ പൂർത്തിയാക്കിയിട്ടുണ്ട്.