ദില്ലി: അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഉടൻ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. എല്ലാ യുവാക്കളോടും തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രതിരോധ മന്ത്രി നിർദ്ദേശം നൽകി. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പദ്ധതിയെ സുവർണാവസരമെന്ന് വിശേഷിപ്പിച്ച പ്രതിരോധമന്ത്രി, പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ ആദ്യ ബാച്ചിന് പ്രായത്തിൽ ഇളവ് അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു.
യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണ് അഗ്നിപഥ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെന്റ് മുടങ്ങിയതിനാൽ പലർക്കും അവസരം നഷ്ടമായി. അവർക്കുവേണ്ടി പ്രായപരിധി 21 ൽ നിന്ന് 23 ആക്കി ഉയർത്തി. രാജ്യത്തെ യുവാക്കളുടെ ഭാവിയോടുള്ള സംവേദനക്ഷമതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഹൃദയംഗമമായ നന്ദി പറയുന്നതായി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
അതേസമയം, റിക്രൂട്ട്മെന്റ് പ്രക്രിയയുടെ സമയക്രമം ഉടൻ പ്രഖ്യാപിക്കുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. പകർച്ചവ്യാധിക്കിടയിലും പ്രതിരോധ സേനയിൽ ചേരാൻ തയ്യാറെടുക്കുന്ന യുവാക്കൾക്ക് പുതിയ അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീം അവസരമൊരുക്കുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.