ഈയടുത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപ്പാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെ പരിഗണനയിലുള്ള രാജ്യങ്ങൾ.
തായ്വാനീസ് കമ്പനിയായ ഫോക്സോണിനെ അസംബ്ലിങ്ങിൽ നിന്ന് പൂർണമായും ഒഴിവാക്കാനും ആപ്പിൾ നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ആപ്പിളിന്റെ ഏറ്റവും വലിയ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഷെങ്സോയിൽ ഉണ്ടായ കോവിഡ് ബാധ തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. അവകാശങ്ങൾക്കായി ശബ്ദമുയർത്തണമെന്ന് പ്രതിഷേധക്കാർ പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്.
ആപ്പിളിനായി ഫോൺ അസംബിൾ ചെയ്യുന്ന ഫോക്സോണിന്റെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നാണ് ഷെങ്സോയിലുള്ളത്. ആപ്പിളിന്റെ ഐഫോൺ പ്രോ സീരിസിന്റെ 85 ശതമാനം നിർമ്മിക്കുന്നത് ഇവിടെയാണ്.