രാജ്യത്തെ മതകാര്യ പൊലീസിനെ ഇറാൻ നിർത്തലാക്കിയതായി റിപ്പോർട്ട്. രാജ്യത്തെ കർശനമായ സ്ത്രീ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്ത് മരണപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി പ്രതിഷേധം ഉയർന്ന്, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ഇറാനിലുടനീളം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്ന വിഷയത്തിൽ പാർലമെന്റും ജുഡീഷ്യറിയും പ്രവർത്തിക്കുന്നു എന്ന് ഇറാൻ അറ്റോർണി ജനറൽ ജാഫർ മൊണ്ടസെരി പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് നിർത്തലാക്കൽ പ്രഖ്യാപനം വന്നത്.
പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന്റെ കീഴിലാണ് ഗഷ്റ്റ്-ഇ എർഷാദ് അല്ലെങ്കിൽ “ഗൈഡൻസ് പട്രോൾ” എന്നറിയപ്പെടുന്ന മതാചാര പൊലീസ് സ്ഥാപിച്ചത്. 2006-ലാണ് യൂണിറ്റുകൾ പട്രോളിംഗ് ആരംഭിച്ചത്.