ന്യൂഡൽഹി : കശ്മീരിലെ നിലവിലെ സാഹചര്യം വെളിപ്പെടുത്തുന്ന സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ മലയാളി സംവിധായകൻ രംഗത്ത്. സന്ദീപ് രവീന്ദ്രനാഥിന്റെ ‘ആന്തം ഫോർ കശ്മീർ’എന്ന ചിത്രമാണ് കേന്ദ്രസർക്കാർ വിലക്കിയത്. ഈ ചിത്രം യൂട്യൂബും നീക്കം ചെയ്തു.
പ്രത്യേക സായുധനിയമമായ ‘അഫ്സ്പ’ നിലനിൽക്കുന്ന ഇന്ത്യ-പാക് അതിർത്തിയിലെ ഗ്രാമങ്ങളിൽ ചിത്രീകരിച്ച ചിത്രം ഇക്കഴിഞ്ഞ മേയിൽ വിഖ്യാത സംവിധായകൻ ആനന്ദ് പട്വർധനും സംഗീതജ്ഞൻ ടി.എം. കൃഷ്ണയും ചേർന്നാണ് പുറത്തിറക്കിയത്. കശ്മീരിലെ തെരുവുകളിലൂടെയും വീടുകളിലൂടെയും സത്യസന്ധമായ ഒരു ക്യാമറ യാത്രയാണ് ചിത്രമെന്ന് സംവിധായകൻ പറയുന്നു.
ഇവിടെ സ്ത്രീകളും കുട്ടികളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും, ഏറ്റുമുട്ടലുകളെ കുറിച്ച് അവർക്ക് പറയാനുള്ളത് പറയുന്നതും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഡയലോഗുകൾ ഇല്ലാതെ പശ്ചാത്തലത്തിൽ പാട്ട് മാത്രമാണ്. കൊവിഡിനെയും സൈനിക നിയന്ത്രണങ്ങളെയും അതിജീവിച്ചാണ് നിർമ്മാണം ധീരമായി നടത്തിയത്. ഷൂട്ടിംഗിന്റെ അവസാന ദിവസം ലൊക്കേഷന്‍ സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ച സംഭവമുണ്ടായി.