കോട്ടയം: സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലുമായി മഴക്കെടുതിയിൽ രണ്ട് യുവാക്കൾ മരിച്ചു. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പൊൻമുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇലവിഴാംപൂഞ്ചിറയിലും വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. അവർ സുരക്ഷിതരാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചതായി സർക്കാർ അറിയിച്ചു.
കോട്ടയം മുനിലാവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഇപ്പോൾ വെള്ളം കയറിയിരിക്കുകയാണ്. മീനച്ചിൽ, മണിമല പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകൾക്ക് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പാലിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിക്കാനാണ് ആലോചന. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ
മൈക്ക് അനൗൺസ്മെന്‍റുകൾ നടത്താനും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ 7 വരെയാണ് രാത്രിയാത്രാ നിയന്ത്രണങ്ങൾ. രാത്രി യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.