ന്യൂഡൽഹി: അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. തന്റെ വ്യക്തിത്വ അവകാശം’ സംരക്ഷിക്കാൻ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ബച്ചന് വേണ്ടി ഹാജരായത്. ജസ്റ്റിസ് നവീൻ ചാവ്ലയാണ് വിധി പ്രസ്താവിച്ചത്.
ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും ടെലികോം സേവന ദാതാക്കൾക്കും ഹർജിയിൽ കോടതി നിർദ്ദേശം നൽകി.
പരാതിക്കാരൻ അറിയപ്പെടുന്ന വ്യക്തിയാണെന്നും നിരവധി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നയാളാണെന്നും കോടതി നിരീക്ഷിച്ചു. അനുവാദമില്ലാതെ മറ്റുള്ളവർ അദ്ദേഹത്തിന്റെ സ്റ്റാർഡം ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്. ഇത് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. അനുവാദമില്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നത് നടനെ അപകീർത്തിപ്പെടുത്തും. ഇത് തടയാനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.