ശ്രീനഗർ: ജമ്മു കശ്മീരിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജമ്മു കശ്മീരിൽ ജയിൽ ഡി.ജി.പി കൊല്ലപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്ക് തൊട്ടുമുമ്പാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷാ കാരണങ്ങളാൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
ജയിൽ ഡി.ജി.പി ഹേമന്ത് കുമാർ ലോഹ്യയെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റതായും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്. ബാരാമുള്ളയിലും രജൗരിയിലും അമിത് ഷാ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ബുധനാഴ്ച ബാരാമുള്ളയിൽ നടക്കുന്ന പൊതുയോഗത്തിൽ പഹാരി സമൂഹത്തെ ന്യൂനപക്ഷമായി പ്രഖ്യാപിച്ചേക്കും. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മറ്റ് വിഭാഗക്കാരായ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.