മുംബൈ: മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ സർ എച്ച്എൻ ഫൗണ്ടേഷൻ ആശുപത്രിക്ക് നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. ബുധനാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺവിളി വന്നത്. ആശുപത്രി കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണി.
മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങൾക്ക് നേരെയും വധഭീഷണി ഉണ്ടായിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.57 ഓടെ റിലയൻസ് ഹോസ്പിറ്റലിന്‍റെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് കോൾ വന്നത്. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 15 നും അംബാനി കുടുംബത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. ആശുപത്രിയുടെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് അന്നും ഭീഷണി വന്നത്. അന്ന് എട്ട് ഫോൺ കോളുകളാണ് വന്നത്. ഫോൺവിളി ട്രേസ് ചെയ്ത് പൊലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു.