ശ്രീനഗർ: അമർനാഥിൽ വെള്ളപ്പൊക്കത്തിൽ കാണാതായ 40 പേർക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല. തിരച്ചിൽ വിപുലീകരിച്ചെങ്കിലും ഞായറാഴ്ച ഒരാളെപ്പോലും കണ്ടെത്താനായില്ല. ശനിയാഴ്ച ഒരു മൃതദേഹം കണ്ടെത്തി. കാലാവസ്ഥ ഒരു പ്രതിസന്ധിയായി തുടരുകയാണ്. അപകടസ്ഥലത്തേക്കുള്ള റോഡുകളും തകർന്നിട്ടുണ്ട്. വ്യോമമാർഗമുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും ആധുനിക ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 48 പേരിൽ ചിലരുടെ നില ഗുരുതരമാണ്. അമർനാഥ് തീർത്ഥാടനം നിർത്തിവെച്ചതിനാൽ തീർത്ഥാടകരോട് ബേസ് ക്യാമ്പുകളിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്ര ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. അമർനാഥ് തീർത്ഥാടന പാതയിലെ വെള്ളപ്പൊക്ക ദുരന്തത്തിന് കാരണം മേഘവിസ്ഫോടനമല്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കി.