അമർനാഥ്: വെള്ളപ്പൊക്കത്തെ തുടർന്ന് അമർനാഥ് തീർത്ഥാടനത്തിനെത്തിയ 15,000 പേരെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇതുവരെ 16 മരണങ്ങളാണ് പ്രളയത്തിൽ സ്ഥിരീകരിച്ചത്. 40 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കരസേനയും ദുരന്ത നിവാരണ അതോറിറ്റിയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ, മിക്ക തീർത്ഥാടകരെയും അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന പഞ്ചതർണിയിലേക്ക് മാറ്റി. പരിക്കേറ്റ 21 തീർത്ഥാടകരെ ഇന്ന് രാവിലെ ബാൽതാലിലേക്ക് എയർലിഫ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
16 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുൾപൊട്ടലുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ, മഴ ഇപ്പോഴും തുടരുകയാണ്. നൂറിലധികം രക്ഷാപ്രവർത്തകരുമായി നാല് എൻ.ഡി.ആർ.എഫ് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കരസേന, എസ്ഡിആർഎഫ്, സിആർപിഎഫ് എന്നിവരും രക്ഷാപ്രവർത്തനം തുടരുകയാണ്.