ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പിയുടെ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബി.ജെ.പിയുടെ ദ്രൗപദി മുർമുവിന്റെ സ്ഥാനാർത്ഥിത്വം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ പ്രമേയത്തിൽ അമിത് ഷാ പരാമർശിച്ചിട്ടുണ്ട്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തി സുരക്ഷയും ശക്തിപ്പെടുത്തി. അടുത്ത 40 വർഷം ബി.ജെ.പിയുടെ യുഗമാണ്. ബി.ജെ.പി ഭരണത്തിന് കീഴിൽ ഇന്ത്യ ലോകത്തിനു മുന്നിൽ വിശ്വഗുരുവായി മാറും. പ്രമേയ അവതരണത്തിന് മുന്നോടിയായുള്ള യോഗത്തിൽ സംസാരിക്കവെ മുർമുവിന്റെ സ്ഥാനാർത്ഥിത്വം ചരിത്രപരമാണെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.