Spread the love

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ച റിപ്പോർട്ടാണിതെന്നും ചികിത്സാപിഴവ് എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

ചൊവ്വാഴ്ച സിസേറിയന് ശേഷം കുഞ്ഞ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു. അപർണയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ, മെഡിക്കൽ കോളേജ് നിയോഗിച്ച സമിതി ഒരു തരത്തിലുമുള്ള മെഡിക്കൽ പിശകും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഡോക്ടർമാരെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ബന്ധുക്കൾ പ്രതികരിച്ചു.

സീനിയർ സർജൻ ഡോ.തങ്കു കോശിയെ കുറിച്ച് പരസ്പരവിരുദ്ധമായ രീതിയിലാണ് അധികൃതർ സംസാരിക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രസവസമയത്ത് തങ്കു ലേബർ റൂമിൽ ഉണ്ടായിരുന്നുവെന്നും സൂപ്രണ്ട് പറയുമ്പോൾ ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 

By newsten