തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ നാലാം പ്രതിയായ നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂട്ടർ ഹരീഷ് വാദിച്ചു. സ്കൂട്ടറും സ്ഫോടക വസ്തുവും എത്തിച്ച് നൽകിയ നവ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ നവ്യയുടെ പങ്ക് സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അവ്യക്തമായ ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചതെന്നും നവ്യ ഉപയോഗിച്ച സ്കൂട്ടർ മറ്റൊന്നാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മൃദുൽ ജോൺ പറഞ്ഞു.
എ.കെ.ജി സെന്റർ ആക്രമണക്കേസിലെ ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ സുഹൃത്താണ് നവ്യ. നവ്യ നൽകിയ സ്കൂട്ടറിലാണ് ജിതിൻ ആക്രമണത്തിന് എത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ജൂൺ 30ന് രാത്രി 11.25 ഓടെയാണ് എ.കെ.ജി സെന്ററിന്റെ പ്രധാന കവാടത്തിന് സമീപത്തെ ഹാളിന്റെ ഗേറ്റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽ നിൽക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്ത് നിന്ന് സ്കൂട്ടറിലെത്തി ജിതിൻ സ്ഫോടക വസ്തു എറിഞ്ഞത്.