തിരുവനന്തപുരം: എകെജി സെന്ററിനു നേരെ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ പെരുവഴിയിൽ. സി.സി.ടി.വി ദൃശ്യങ്ങൾ ഉപേക്ഷിച്ച് സ്കൂട്ടർ കേന്ദ്രീകരിച്ചിട്ടും അക്രമിയെ കണ്ടെത്താനായില്ല. സ്ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവാണ് എറിഞ്ഞതെന്ന പ്രാഥമിക ഫോറൻസിക് റിപ്പോർട്ടും സി.പി.എമ്മിന് തിരിച്ചടിയായി.
പ്രത്യേക സംഘം പല വഴി അന്വേഷിച്ചിട്ടും അക്രമിയെ കാണാനില്ല. എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം ആഭ്യന്തര വകുപ്പിനും പൊലീസിനും ഒരുപോലെ തലവേദനയാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതീക്ഷ അസ്തമിച്ചതോടെ അക്രമി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ മോഡൽ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. സമാനമായ മോഡൽ സ്കൂട്ടറിൽ ഒരേ ദിവസം എകെജി സെന്റർ പരിസരത്ത് എത്തിയ എല്ലാവരെയും പൊലീസ് തിരയുന്നുണ്ട്. പക്ഷേ അതും പാതിവഴിയിലാണ്.
നടന്നത് ബോംബ് ആക്രമണമാണെന്ന ഇടത് നേതാക്കളുടെ വാദം ഇന്നലെ പൊളിഞ്ഞു. വലിയ ശബ്ദമോ നാശമോ വിതയ്ക്കാൻ കഴിയാത്ത സ്ഫോടകവസ്തു എറിഞ്ഞതായി ഫോറൻസിക് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. വീര്യം കൂട്ടുന്ന രാസവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രി തന്നെ അന്വേഷണത്തിന് സമയം നൽകിയതിനാൽ അന്വേഷണം ശരിയായി നടത്തുകയാണെന്നാണ് പ്രത്യേക സംഘത്തിന്റെ വാദം.