നാഗ്പുര്‍: മഹാരാഷ്ട്രയിൽ വായു മലിനീകരണം ഉയരാൻ സാധ്യതയുണ്ടെന്ന് പഠനം. കല്‍ക്കട്ടയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. ‘എ ഡീപ് ഇന്‍സൈറ്റ് ഇന്‍ടു സ്റ്റേറ്റ് ലെവല്‍ എയറോസോള്‍ പൊല്യൂഷന്‍ ഇന്‍ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന പഠനം മലിനീകരണത്തിൽ ഇപ്പോൾ ഓറഞ്ച് സോണിൽ നിൽക്കുന്ന മഹാരാഷ്ട്ര അടുത്ത വർഷത്തോടെ റെഡ് സോണിൽ എത്തുമെന്ന് മുന്നറിയിപ്പ് നൽകി.
കൽക്കരി അധിഷ്ഠിത താപ നിലയങ്ങളാണ് മഹാരാഷ്ട്രയിലെ വായു മലിനീകരണത്തിലേക്ക് ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്. പഠനമനുസരിച്ച്, ഇത് ധാരാളം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
2005നും 2019നും ഇടയിൽ സംസ്ഥാനത്ത് താപ നിലയങ്ങളിൽ നിന്നുള്ള എയറോസോൾ ബഹിര്‍ഗമനത്തില്‍ 31 മുതൽ 39 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. താപ നിലയങ്ങളുടെ ഉൽപാദന ശേഷി 41 ശതമാനമാക്കി (10 ജിഗാവാട്ട്) കുറച്ചാൽ മലിനീകരണ തോത് ബ്ലൂ സോണിൽ നിലനിർത്താൻ കഴിയുമെന്നും പഠനം സൂചിപ്പിക്കുന്നു.