ബാലി: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂളിംഗ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ ഏകദേശം 300 കാറുകൾ വൂളിംഗ് ബാലിയിലേക്ക് കൊണ്ടുവന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ ആലേഖനം ചെയ്ത് പ്രത്യേക നിറങ്ങളിലാണ് കാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് ഇന്തോനേഷ്യൻ വിപണിയിൽ എയർഇവി അവതരിപ്പിച്ചത്.
വൂളിംഗ് എയർ ഇവിയുടെ ഇന്ത്യൻ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമ്മിക്കുക. ഇന്തോനേഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനമാക്കിയാണ് കാർ നിർമ്മിച്ചതെങ്കിലും, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി പറയുന്നു.