ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകും. ഇ.ഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇപ്പോഴും എ.ഐ.സി.സി പരിസരത്ത് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി ജെ ബി മേത്തർ എന്നിവരെ അറസ്റ്റ് ചെയ്ത് തൽസ്ഥാനത്ത് നിന്ന് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. തിങ്കളാഴ്ച നിരവധി പാർട്ടി പ്രവർത്തകർക്കൊപ്പം രാഹുൽ ഇഡി ഓഫീസിലേക്ക് പോയിരുന്നെങ്കിലും ഇന്ന് ഇത് സംഭവിക്കാതിരിക്കാൻ എഐസിസി ആസ്ഥാനത്തിന് മുന്നിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. രാഹുൽ ഗാന്ധിക്കും രണ്ട് അഭിഭാഷകർക്കും മാത്രമേ പ്രവേശനം അനുവദിക്കൂവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയതിനാണ് അറസ്റ്റ്. പോലീസ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത് മറികടന്നാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. രാഷ്ട്രീയ പകപോക്കലാണിതെന്നും ഒരിഞ്ചു പോലും വീട്ടുകൊടുക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവരെ മർദ്ദിച്ചു. ഇ.ഡി അല്ല ആരു വന്നാലും മാറില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.