ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തുടർച്ചയായ മൂന്നാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിന് മുന്നിൽ കടുത്ത പ്രതിഷേധം. കോൺഗ്രസ്സ് ആസ്ഥാനത്ത് ഡൽഹി പോലീസ് പ്രവേശിച്ചതോടെയാണ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായത്.
പാർട്ടി ഓഫീസിൽ പൊലീസ് അക്രമം അഴിച്ചുവിട്ടതായി നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇ.ഡി ഓഫീസിന് മുന്നിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് എത്തിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവർത്തകർ ഇ.ഡി ഓഫീസിന് മുന്നിൽ ടയറുകൾ അടുക്കിവെച്ച് തീ കൊളുത്തി. പ്രവർത്തകരെ പോലീസ് ബസുകളിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുതിർന്ന നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഭൂപേഷ് ബാഗൽ, പവൻ ഖേര എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് ഗുണ്ടായിസം നടക്കുന്നതെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരം ക്രൂരകൃത്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.