ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാത്തിനും രാഷ്ട്രീയ നിറം നൽകുന്നത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ദൗർഭാഗ്യകരമാണെന്ന് മോദി പറഞ്ഞു. അഗ്നിപഥിനെതിരായ പ്രതിഷേധം കൂടുതൽ അക്രമാസക്തമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നല്ല ഉദ്ദേശ്യത്തോടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങൾക്ക് രാഷ്ട്രീയ നിറം നൽകുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ദൗർഭാഗ്യമെന്ന് പ്രഗതി മൈദാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. അഗ്നിപഥ് സമരം നേരിട്ടു പരാമർശിക്കാതെയായിരുന്നു മോദിയുടെ വാക്കുകൾ. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഈ പ്രസ്താവന ഷെയർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഡൽഹി മെട്രോ സർവീസിന്റെ ദൈർഘ്യം 193 കിലോമീറ്ററിൽ നിന്ന് 400 കിലോമീറ്ററായി ഉയർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മൂന്ന് സേനാ മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. അഗ്നിപഥുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വർഷത്തെ പഠനത്തിന് ശേഷമാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. അഗ്നിപഥ് പദ്ധതി ഏറെക്കാലമായി പരിഗണനയിലാണെന്നും സൈന്യത്തിന് കൂടുതൽ യുവാക്കളെ നൽകുന്നതിന് പദ്ധതി അനിവാര്യമാണെന്നും സൈനിക വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു.