കണ്ണൂർ: കരിമ്പത്തെ കില സെന്ററിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിട്ട പൊലീസ് ലാത്തിച്ചാർജ് നടത്തി. ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലാണ് സംഭവം.
കിലയുടെ ഉദ്ഘാടന വേദിയിൽ നിന്ന് 200 മീറ്റർ അകലെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞിരുന്നു. അമ്പതോളം യുവാക്കളാണ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്. ഇതിനു പിന്നാലെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിനിടെ മുദ്രാവാക്യം വിളിച്ചവർക്കെതിരെ വെള്ളം ചീറ്റാനുള്ള ശ്രമം നടന്നു.
യന്ത്രത്തകരാർ കാരണം വെള്ളം ചീറ്റൽ വിഫലമായപ്പോൾ പൊലീസ് ലാത്തിച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏതാനും പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ഒടുവിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.