തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പ്രതീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് യോഗം. കസ്റ്റഡിയിലുള്ള പ്രതികളായ ഫർസീൻ മജീദ്, നവീൻ എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ കണ്ണൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന കാര്യവും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.
അതേസമയം, രണ്ട് ദിവസത്തെ കസ്റ്റഡി കാലയളവ് മാത്രമുള്ളതിനാൽ കണ്ണൂരിലെ തെളിവെടുപ്പിന് സമയക്കുറവ് കാരണം പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീണ്ടും കസ്റ്റഡിയിൽ വാങ്ങി കണ്ണൂരിൽ എത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചതായി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്ന സമയത്താണ് പ്രതിഷേധം നടന്നതെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. മുദ്രാവാക്യം വിളികളും മോശം വാക്കുകളുമായാണ് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞെത്തിയതെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ കത്തിൽ ഇ പി ജയരാജന്റെ പേര് പരാമർശിച്ചിരുന്നില്ല.