മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കറൻസി കടത്ത് ആരോപണങ്ങളിൽ, കേന്ദ്ര ഏജൻസികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . സ്വപ്ന ഉന്നയിച്ച അതേ ആരോപണം നേരത്തെ കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് ബി.ജെ.പിയും സി.പി.ഐ.എമ്മും അന്വേഷണത്തിലേക്ക് കടക്കാതെ അത് ഒത്തുതീർപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. ഉമ്മൻചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതികളിൽ നിന്ന് രേഖാമൂലം പരാതി വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായി വിജയൻ മറ്റൊരു നീതിയും ഉണ്ടാകുമോ? സതീശൻ ചോദിച്ചു.
അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ, മുരളീധരൻ എം.പി എന്നിവർ രംഗത്തെത്തി. കള്ളന്‍ ബിരിയാണി ചെമ്പിലാണെന്നും അവിടെ നിന്ന് പുറത്ത് കൊണ്ടു വരണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.