Spread the love

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ഏറ്റെടുത്തതിനെ തുടർന്ന് ട്വിറ്റർ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ഈ ആഴ്ച മെറ്റയിൽ ഒരു വലിയ പിരിച്ചുവിടൽ നടക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്നും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയ്ക്ക് മുമ്പ് പിരിച്ചുവിടൽ പ്രഖ്യാപിക്കും, പക്ഷേ ഈ വിഷയത്തിൽ പ്രതികരിക്കാൻ മെറ്റ വിസമ്മതിച്ചു, റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ഓഹരി വിപണി മൂല്യത്തിൽ അര ട്രില്യൺ ഡോളറിലധികം നഷ്ടം മെറ്റ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പരസ്യ വരുമാനത്തിലുണ്ടായ ഇടിവും എതിരാളികളായ ടിക് ടോക്കിൽ നിന്നുള്ള കടുത്ത മത്സരവുമാണ് മെറ്റയ്ക്ക് തിരിച്ചടിയായത്. ഡിജിറ്റൽ പരസ്യ വിപണിയിലെ മാന്ദ്യം മെറ്റയെ മാത്രമല്ല, ഗൂഗിളിനെയും ട്വിറ്ററിനെയും ബാധിച്ചു. നിക്ഷേപങ്ങളും നിയമനങ്ങളും കമ്പനി മന്ദഗതിയിലാക്കുകയാണെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് നേരത്തെ പറഞ്ഞിരുന്നു.

മെറ്റയിൽ നിന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ഷെറിൽ സാൻഡ്ബെർഗ് രാജി വെച്ചതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മെറ്റയുടെ വിപുലമായ പരസ്യ ബിസിനസിന്‍റെ ബുദ്ധികേന്ദ്രമായിരുന്നു അവർ. കമ്പനിയുടെ നേതൃത്വത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ സംശയങ്ങൾ ഓഹരി വിപണിയിൽ വലിയ സ്വാധീനം ചെലുത്തി. നാല് വർഷമായി മെറ്റയുടെ (ഫേസ്ബുക്ക്) ഇന്ത്യാ മേധാവിയായിരുന്ന അജിത് മോഹൻ അടുത്തിടെയാണ് രാജിവച്ചത്. ഫേസ്ബുക്കിന്‍റെ എതിരാളിയായ സ്നാപ്പിന്‍റെ (മുമ്പ് സ്നാപ്ചാറ്റ്) ഏഷ്യ-പസഫിക് മേധാവിയായും അജിത് ചുമതലയേറ്റു. അജിത്തിന്‍റെ നേതൃത്വത്തിലാണ് ഹോട്ട്സ്റ്റാർ ഇന്ത്യയിലെ ഒരു പ്രധാന ഒടിടി പ്ലാറ്റ്‌ഫോമായി മാറിയത്.

By newsten