Spread the love

പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്‍റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുകയാണ് നിതീഷ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം നിതീഷ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ഭാരത് യാത്ര പ്രഖ്യാപിക്കുക. ബീഹാറിലെ മഹാസഖ്യം മാതൃക ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനും നിതീഷ് ലക്ഷ്യമിടുന്നു.

പ്രതിപക്ഷ ഐക്യത്തിനൊപ്പം സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനവും നിതീഷിന്‍റെ അജണ്ടയിലുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭിന്നിച്ച് നിന്നാൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാൻ കഴിയില്ലെന്നാണ് നിതീഷിന്‍റെ നിലപാട്. പ്രാദേശിക പാർട്ടികൾക്ക് ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് ഏതാനും സീറ്റുകളിൽ മാത്രം മത്സരിച്ച് വിട്ടുവീഴ്ച ചെയ്യണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.

By newsten