തിരുവനന്തപുരം: ബ്രാൻഡി വിപണിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ. മലബാർ ഡിസ്റ്റിലറീസ് ‘മലബാർ ബ്രാണ്ടി’ അടുത്ത ഓണത്തിന് പുറത്തിറക്കും. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് നിർമ്മിക്കുന്ന ജവാൻ റമ്മാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ വിപണിയിലുള്ളത്. സർക്കാർ മേഖലയിൽ മദ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറികളിൽ മദ്യ ഉൽപാദനം ആരംഭിക്കുന്നു. അടച്ചുപൂട്ടിയ ചിറ്റൂർ പഞ്ചസാര മില്ല് ഡിസ്റ്റിലറിയാക്കി മാറ്റുകയാണ്.
സർക്കാരിന്റെ അംഗീകാരവും മദ്യനിർമ്മാണത്തിനുള്ള ടെൻഡർ നടപടികളും പൂർത്തിയായി. ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
സിവിൽ, ഇലക്ട്രിക് ജോലികൾ ആദ്യഘട്ടത്തിൽ അടിയന്തരമായി പൂർത്തിയാക്കും. 2023 മാർച്ചിന് മുമ്പ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് നിർദേശം. ആദ്യഘട്ടത്തിൽ അഞ്ച് പ്രൊഡക്ഷൻ ലൈനുകൾ സ്ഥാപിക്കും. പ്രതിമാസം 3.5 ലക്ഷം കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. നിർമ്മാണത്തിനായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സഹകരണ മേഖലയിൽ 1965 ൽ ആരംഭിച്ച ചിറ്റൂർ പഞ്ചസാര മിൽ 2003 ൽ പ്രവർത്തനം അവസാനിപ്പിച്ചു.