Spread the love

തിരുവനന്തപുരം: ധനവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഇന്നോവ ക്രിസ്റ്റയുടെ 7 സീറ്റർ വാഹനം 16.18 ലക്ഷം രൂപ മുടക്കി വാങ്ങാനാണ് അനുമതി നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ വാഹനം വാങ്ങുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നു.

മാർച്ച് മൂന്നിനാണ് അഡ്വക്കേറ്റ് ജനറൽ പുതിയ വാഹനത്തിനായി കത്തയച്ചത്. നിലവിൽ ഉപയോഗത്തിലുള്ള കാർ 2017 ഏപ്രിലിൽ വാങ്ങിയതാണെന്നും 86,552 കിലോമീറ്റർ പിന്നിട്ടതിനാൽ ഇത് ദീർഘദൂര യാത്രയ്ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും പുതിയ കാർ വേണമെന്നുമായിരുന്നു ആവശ്യം. മാർച്ച് 17നാണ് ഫയൽ ധനവകുപ്പിന് കൈമാറിയത്.

86,000 കിലോമീറ്റർ മാത്രം സഞ്ചരിച്ച് അഞ്ച് വർഷം പോലും പൂർത്തിയാകാത്ത വാഹനം മാറ്റി പുതിയത് നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. വാഹനത്തിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗവുമായി ബന്ധപ്പെട്ടു പരിഹരിക്കണം. വാഹനം ഉപയോഗിക്കുന്നതു സാമ്പത്തികമായി നഷ്ടം ആണെങ്കിൽ മാത്രം പിഡബ്ല്യുഡിയുടെ സർട്ടിഫിക്കറ്റ് സഹിതം പുതിയ വാഹനം വാങ്ങുന്നതിനുള്ള ശുപാർശ നൽകണമെന്നും ധനവകുപ്പ് നിലപാടെടുത്തിരുന്നു.

By newsten