തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റിൽ പ്രതികരണവുമായി അടൂർ പ്രകാശ് എം.പി. സത്യവും നീതിയും വിജയിച്ചു. എനിക്കെതിരെ നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ മന്ത്രിയായിരിക്കെ പ്രകാശ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
വിമാനടിക്കറ്റ് അയച്ച് അടൂർ പ്രകാശ് തന്നെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും പരാതിക്കാരിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് സി.ബി.ഐയുടെ വിലയിരുത്തൽ. ബെംഗളൂരുവിൽ അടൂർ പ്രകാശ് മുറിയെടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തില്ല. ശാസ്ത്രീയമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളുള്ള കെട്ടിച്ചമച്ച പരാതിയാണിതെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയതായും സൂചനയുണ്ട്. റിപ്പോർട്ടിൽ പരാതിക്കാരിക്കെതിരെ ശക്തമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം.
സോളാർ തട്ടിപ്പ് വിവാദത്തിന് പിന്നാലെ പീഡന വിവാദം വലിയ രാഷ്ട്രീയ ബോംബായി ഉയർന്നുവന്നു. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചാണ്. ഒരു തെളിവുമില്ലാതെ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറിയത്. ഹൈബി ഈഡൻ എം.പിക്കെതിരായ ആരോപണങ്ങൾ തള്ളി സി.ബി.ഐ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ കേസുകളിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.