Spread the love

ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തത്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദിച്ചെന്ന പരാതിയിലാണ് നടപടി. പട്ടികജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തി വിൽപ്പന നടത്തി എന്നാരോപിച്ച് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ ട്രൈബൽ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. 

ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

By newsten