Spread the love

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ കേരളത്തിൽ ആശങ്കകൾ വർദ്ധിക്കുന്നതിനിടെ നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് സമീപമുള്ള അദാനി ഗ്രൂപ്പിന്‍റെ ക്വാറിക്ക് പ്രവർത്തിക്കാൻ ദേശീയ വന്യജീവി ബോർഡ് അനുമതി നൽകി. നിർദ്ദിഷ്ട ക്വാറി യൂണിറ്റ് പരിസ്ഥിതി ലോല മേഖലയിലല്ലെന്നും ക്വാറി വന്യജീവി സങ്കേതത്തെയോ സംരക്ഷിത വനമേഖലയെയോ പ്രതികൂലമായി ബാധിക്കില്ലെന്നും കേരളം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ ഈ ശുപാർശ വന്യജീവി ബോർഡിന്‍റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന്‍റെ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മെയ് 30ന് ഓൺലൈനായി ചേർന്ന ദേശീയ വന്യജീവി ബോർഡിന്‍റെ സ്ഥിരം സമിതി യോഗം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പുകാരനായ അദാനി ഗ്രൂപ്പിന്‍റെ (അദാനി വിഴിഞ്ഞം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്) ക്വാറിക്ക് ചില ഉപാധികളോടെ അംഗീകാരം നൽകി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

നിർദ്ദിഷ്ട ക്വാറി പ്രദേശം പേപ്പാറ വന്യജീവി സങ്കേതത്തിൽ നിന്ന് 5.12 കിലോമീറ്ററും നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്ന് 6.76 കിലോമീറ്ററും അകലെയാണെന്നും നിർദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയുടെ അതിർത്തിക്ക് പുറത്ത് നിന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. പദ്ധതിയുടെ പ്രത്യാഘാതം പരിഹരിക്കാൻ പ്രത്യേക ലഘൂകരണ നടപടികളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദ്ധതിക്ക് അനുമതി നൽകാൻ ശുപാർശ ചെയ്തത്.

By newsten