Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകാൻ ചോദിക്കാൻ പ്രോസിക്യൂഷൻ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും കാലാവധി നീട്ടി ചോദിക്കുന്നത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കാർഡ് മൂന്ന് തവണ തുറന്നതായി വ്യക്തമായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ അന്വേഷണത്തിന് കൂടുതൽ സമയം തേടുന്നത്.

നേരത്തെ സമയം തേടിയപ്പോൾ ഇനി സമയം നീട്ടി നൽകില്ലെന്ന കർശന നിർദേശത്തോടെയായിരുന്നു ഈ മാസം 15 വരെ സമയം അനുവദിച്ചത്. അതുകൊണ്ടു തന്നെ വീണ്ടും സമയം നീട്ടി നൽകാനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തൽ. അതേസമയം, ആരാണ് മെമ്മറി കാർഡ് പരിശോധിച്ചത്, ഇരയ്ക്ക് അത് ഏതെല്ലാം വിധത്തിൽ ദോഷകരമാകും, കേസിനെ ഇത് എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകാനായാൽ കോടതി സമയം നീട്ടിക്കൊടുക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

മെമ്മറി കാർഡിന്‍റെ പരിശോധനാഫലം ഇന്നലെ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇത് ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മൂന്ന് തവണ മാറ്റിയതായി വിദഗ്ധർ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കോടതികളിലായി കാർഡ് സൂക്ഷിച്ചപ്പോൾ ഹാഷ് മൂല്യത്തിൽ മാറ്റമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, എറണാകുളം ജില്ലാ കോടതി എന്നിവിടങ്ങളിൽ സൂക്ഷിക്കുന്നതിനിടെയാണ് കാർഡ് തുറന്ന് പരിശോധിച്ചതെന്ന് കണ്ടെത്തി.

By newsten