Spread the love

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേസിന്‍റെ വിചാരണയ്ക്കിടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചിരുന്നു. അതിനുശേഷം പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് വിവാദമായിരുന്നു. കെ കെ രമ എം എൽ എയുടെ ചോദ്യത്തിന് മറുപടിയായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ രാജി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ. സുരേശനും പിന്നീട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി എത്തിയ വി.എൻ.അനിൽകുമാറും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരുടെയും രാജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ അതിജീവിതയുടെ അഭിപ്രായം തേടിയിരുന്നു. അതിജീവിതക്ക് താൽപ്പര്യമുള്ള ഒരാളെ നിയമിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

By newsten