Spread the love

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. 3 തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നാണ് റിപ്പോർട്ട്. ഏത് തിയതികളിലാണ് ഹാഷ് വാല്യൂ മാറിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്‍റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് മൂല്യം) മാറ്റമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് മെമ്മറി കാർഡ് പരിശോധനയ്ക്കായി എഫ്എസ്എല്ലിലേക്ക് തിരിച്ചയക്കണമെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ആവശ്യപ്പെട്ടു.

എന്നാൽ ദിലീപിന്‍റെ അഭിഭാഷകർ ഇതിനെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഒടുവിൽ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. ഈ പരിശോധനയുടെ റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലാണ് മെമ്മറി കാർഡ് പരിശോധിച്ചത്. സീൽ ചെയ്ത കവറിലാണ് പരിശോധനാ റിപ്പോർട്ട് അന്വേഷണ സംഘത്തിൻ കൈമാറിയത്. ഇത് വിചാരണക്കോടതിക്ക് കൈമാറും. കാർഡിന്‍റെ ഹാഷ് മൂല്യം മൂന്ന് തവണ മാറിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

By newsten