കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നൽകി. നിയമവിദ്യാർത്ഥിനിയായ ഷേർളിയാണ് അപേക്ഷ നൽകിയത്. ആർ ശ്രീലേഖയുടെ ആരോപണങ്ങൾ കോടതിയലക്ഷ്യമാണെന്ന് പരാതിയിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങളാണ് ആർ ശ്രീലേഖ ഉന്നയിച്ചത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകൾ ചമച്ചെന്ന് ശ്രീലേഖ ആരോപിച്ചിരുന്നു. ദിലീപിന്‍റെയും ഒന്നാം പ്രതി പൾസർ സുനിയുടെയും ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യം തന്നോട് സമ്മതിച്ചതായും അവർ പറഞ്ഞിരുന്നു. പൾസർ സുനി നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും അവരിൽ നിന്ന് പണം തട്ടുകയും ചെയ്തുവെന്ന് ശ്രീലേഖ നേരത്തെയും ആരോപിച്ചിരുന്നു.
അതേസമയം, ആരോപണത്തെ തുടർന്ന് ശ്രീലേഖയ്ക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. കേസെടുത്ത് നടപടിയെടുക്കണമെന്ന പരാതിയുമായി തൃശൂർ സ്വദേശി കുസുമം ജോസഫാണ് പൊലീസിനെ സമീപിച്ചത്. ശ്രീലേഖയെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പൊലീസ് പിൻമാറുകയായിരുന്നു.